സെയ്ഷല്‍സില്‍ മലയാളികളടക്കം തടവിലായ 56 മത്സ്യത്തൊഴിലാളികള്‍ മോചിതരായി

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിനെ തുടര്‍ന്ന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ചുപേരും തമിഴ് നാട്ടുകാരാണ്.

മോചിതരായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ മലയാളികളാണ്. ഇവരെ കൂടാതെ അഞ്ചു പേര്‍ അസം സ്വദേശികളും ബാക്കിയുള്ളവര്‍ തമിഴ്‌നാട്ടുകാരുമാണ്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെ ഇന്ത്യന്‍ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം ആരംഭിച്ചു. വ്യോമസേനാ വിമാനത്തില്‍ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഫെബ്രുവരി 22ന് അഞ്ച് ബോട്ടുകളിലായാണ് സംഘം പുറപ്പെട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് മാര്‍ച്ച് പന്ത്രണ്ടിന് പിടിയിലാകുകയായിരുന്നു. ഇവരുടെ ബോട്ടുകളും നാവിക സേന പിടിച്ചെടുത്തിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വേള്‍ഡ് മലയാളി ഫെഡറേഷനാണ് നിയമസഹായം ഒരുക്കിയത്.