ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസിൽ) പക്ഷിപ്പനി ബാധിച്ച് മരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നത്.
കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു.
ഈ വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാൽ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എൻ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.
Read more
പക്ഷികളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. ചത്ത പക്ഷികൾ, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.