ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറുമായിരുന്ന ബിജെപി നേതാവ് കല്യാൺ സിംഗ് (89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.
രക്തത്തിലെ അണുബാധയെത്തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള കല്യാൺ സിംഗ് 204 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായിരുന്നു. രണ്ട് തവണ ലോക്സഭാ എംപി ആയിട്ടുണ്ട്.
ഉത്തർപ്രദേശിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ്. 1991ലാണ് അദ്ദേഹം ആദ്യമായി അധികാരത്തിലെത്തിയത്. 1992ൽ ബാബ്റി മസ്ജിദ് തകർക്കുമ്പോൾ കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 1997ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.
2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം ബിജെപി വിട്ട് ജൻ ക്രാന്തി പാർട്ടി (ജെകെപി) രൂപീകരിച്ചു. 2013ൽ ജനക്രാന്തി പാർട്ടി ബിജെപിയിൽ ലയിച്ചതിനെ തുടർന്ന് കല്യാൺ സിങ് വീണ്ടും പാർട്ടിയിൽ സജീവമായി.
Read more
2014 ൽ രാജസ്ഥാൻ ഗവർണറായി നിയമിതനായി. 2015ൽ എട്ടു മാസം അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറുടെ അധിക ചുമതലയും വഹിച്ചിരുന്നു. 2019ൽ രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അദ്ദേഹം ബിജെപിയിൽ തിരിച്ചെത്തി