ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി.
ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ ഉൾപ്പെടുത്തിയത് അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സംഘർഷങ്ങൾ, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കാൻ ജി 20 കൂട്ടായ്മയ്ക്ക് ശേഷിയുണ്ടെന്ന് ഡൽഹി ഉച്ചകോടി തെളിയിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹരിത കാലാവസ്ഥ ഫണ്ടിലേക്ക് ബ്രിട്ടൺ 2 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു.
സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു.
കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിൻറെയും പ്രസിഡൻറുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.
Read more
യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ-ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി. ജി 20 അംഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു.