'ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണം'; തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീംകോടതി

ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന് തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീംകോടതിയുടെ വിമർശനം. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി ചോദിച്ചു. ചന്ദ്രബാബു നായിഡു സർക്കാരിനെതിരെയാണ് കോടതി രൂക്ഷമായി വിമർശനമുന്നയിച്ചത്.

ജസ്റ്റിസ് ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ആന്ധ്രപ്രദേശ് സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. എഫ്ഐആർ രേഖപ്പെടുത്തി പ്രത്യേകാന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുന്നതിന് മുമ്പുതന്നെ ചന്ദ്രബാബു നായിഡു പ്രസ്‌താവന നടത്തിയതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 18-നാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. സെപ്റ്റംബർ 25-ന് എഫ്ഐആർ രേഖപ്പെടുത്തി. സെപ്റ്റംബർ 26-ന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉന്നത ഭരണതലത്തിലിരിക്കുന്നവർ ഇത്തരത്തിൽ പൊതുയിടത്തിൽ പരാമർശം നടത്തുന്നതിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ മതവികാരത്തെയാണ് ബാധിക്കുന്നതെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരാതെ വാർത്താ സമ്മേളനം നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു.

Read more