തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ഗോഡി മീഡിയയെന്ന് ആരോപിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനല്‍ (എ.എന്‍.ഐ) വാര്‍ത്ത ഏജന്‍സിയുടെ മൈക്ക് എടുത്തുമാറ്റി ഇല്‍തിജ മുഫ്തി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. ഇല്‍തിജ സംസാരിക്കുമ്പോള്‍ മാധ്യമങ്ങളെല്ലാം മൈക്കുകള്‍ വെച്ചിരുന്നു. ഇതിനിടെയാണ് ‘ഗോഡി മീഡിയ അനുവദനീയമല്ല’ എന്ന് അവര്‍ പറഞ്ഞ് മൈക്ക് നീക്കം ചെയ്തത്. എ.എന്‍.ഐയുടെ റിപ്പോര്‍ട്ടിങ് രീതികളെ കുറിച്ച് ഇല്‍തിജ മുഫ്തി തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, വില കുറഞ്ഞ പ്രതികരണം എന്നാണ് എ.എന്‍.ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശ് ഈ നടപടിയോട് പ്രതികരിച്ചത്. വാര്‍ത്ത ഏജന്‍സി മുസ്‌ലിംകളെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ഇല്‍തിജ മുഫ്തി ആരോപിച്ചു. തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുന്ന വേളയില്‍ എ.എന്‍.ഐ യുടെ മൈക്ക് ഇല്‍തിജ എടുത്തുമാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിട്ടുണ്ട്. ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമാണ് ഇല്‍തിജ മുഫ്തി.
അതേസമയം, ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 39 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.
തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജമ്മു കശ്മീര്‍ പൊലീസും അറിയിച്ചു.
Read more
നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഉമര്‍ അബ്ദുല്ല ബുധ്ഗാമിലും ഗന്ദര്‍ബാലിലും രവീന്ദര്‍ റെയ്‌ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.