സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക മല്ലുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും വിദേശ കറന്‍സിയും ഉള്‍പ്പെടെ കവര്‍ന്ന രണ്ട് മോഷ്ടാക്കള്‍ അറസ്റ്റിലായി. ബിഹാര്‍ സ്വദേശികളായ റോഷന്‍ കുമാര്‍ മണ്ഡല്‍, ഉദയ് കുമാര്‍ താക്കൂര്‍ എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ ഖോരക്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ഇരുവരില്‍ നിന്നുമായി 2.2 ലക്ഷം രൂപ, 100ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിര്‍ഹം, സ്വിസ് ഫ്രാങ്ക് തുടങ്ങിയവ ഉള്‍പ്പെടെ കണ്ടെടുത്തു. ഇതിനുപുറമേ വെള്ളിയിലും മുത്തിലും തീര്‍ത്ത ആഭരണങ്ങളും ഇരുവരുടെയും പക്കല്‍ നിന്ന് കണ്ടെടുത്തതായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read more

റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലായിരുന്നു പ്രതികള്‍ പിടിയിലായത്. ഇരുവരും യാത്രക്കാരായാണ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇരുവര്‍ക്കുമുണ്ടായ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയില്‍വേ പൊലീസ് ഇരുവരെയും പിടികൂടിയത്.