ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ബി.ജെ.പി എം.പി ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഫ്‌ലാറ്റ് ഉടമകളെ വഞ്ചിച്ചതിനാണ് ഗംഭീറിനും മറ്റ് ചിലര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് സിറ്റി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 2011 ല്‍ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഒരു റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ ഫ്‌ലാറ്റുകള്‍ ബുക്ക് ചെയ്തിട്ടും ഫ്‌ലാറ്റ് ലഭിക്കാതിരുന്ന 50 ഓളം പേരാണ് വിശ്വാസവഞ്ചന ആരോപിച്ച് ഗംഭീറിനും മറ്റു ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

രുദ്ര ബില്‍ഡ്വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും എച്ച്.ആര്‍ ഇന്‍ഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത പദ്ധതിയുടെ ഡയറക്ടറും ബ്രാന്‍ഡ് അംബാസഡറുമായിരുന്നു ബി.ജെ.പി എം.പിയായ ഗംഭീര്‍. 2016ലാണ് കോടിക്കണക്കിന് രൂപ ഉപഭോക്താക്കളില്‍ നിന്ന് തട്ടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നിര്‍മാണത്തിനായി അനുമതി കിട്ടിയ കെട്ടിട പദ്ധതി കാലഹരണപ്പെട്ടതിനു ശേഷവും നിര്‍മാതാക്കള്‍ ഉപഭോക്താക്കളില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

നിര്‍മാതാക്കള്‍ അനധികൃതമായി ഇരകളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ശേഖരിക്കുകയും ചെയ്യുകയായിരുന്നു. ഫ്‌ലാറ്റ് നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍, നിക്ഷേപകരില്‍ നിന്ന് നിര്‍മാതാക്കള്‍ മനപൂര്‍വ്വം മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആവശ്യമായ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതും മറ്റു നടപടിക്രമങ്ങള്‍ പാലിക്കാത്തതും കാരണം 2015 ഏപ്രില്‍ 15 ന് പദ്ധതിക്കുള്ള അനുമതി അധികൃതര്‍ റദ്ദാക്കിയിരുന്നു. ഫ്‌ലാറ്റ് പദ്ധതിയുടെ മറ്റ് പ്രമോട്ടര്‍മാരായ മുകേഷ് ഖുറാന, ഗൗതം മെഹ്റ, ബബിത ഖുറാന എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.