എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം വിഭവങ്ങൾ ഏറ്റെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
സ്വകാര്യ വിഭവങ്ങൾ സമൂഹ നന്മയ്ക്കായി ഏറ്റെടുക്കാനാകുമോ എന്നതിലായിരുന്നു വിധി. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ നിന്ന് ഉദാര സമ്പദ് ക്രമത്തിലേക്ക് രാജ്യം മാറിയെന്നും കോടതി പറഞ്ഞു. 1991-ലെ പരിഷ്‌കാരങ്ങൾക്ക് ശേഷം സാമ്പത്തിക വ്യവസ്ഥയിൽ അടിസ്ഥാന മാറ്റമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കില്ല. സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ചുമതലയെന്നും കോടതി പറഞ്ഞു.
എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്ന 1978-ലെ വിധിയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ വാദിച്ചു. എന്നാൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ നിലവിലെ സാഹചര്യത്തിൽ പിന്തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വികസ്വര രാജ്യമെന്ന നിലയിൽ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികൾ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് പറഞ്ഞു.