കേരള ഹൈക്കോടതി ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കിയില്ല; ഗുവഹാത്തിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ നിയമിച്ച് കേന്ദ്രം; കൊളീജിയം ശിപാര്‍ശ വെളിച്ചം കണ്ടില്ല; രാജ്യത്ത് ആദ്യം; ഏറ്റുമുട്ടല്‍

കേരള ഹൈക്കോടതി ജഡ്ജി കെ. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുവഹാത്തി ഹൈക്കോടതിയില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി എന്‍.കെ.സിംഗിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീം കോടതി കൊളീജിയത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുമുട്ടലായാണ് ഈ തീരുമാനത്തെ കാണുന്നത്. നിലവില്‍ ഗുവഹാത്തി ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് എന്‍ കെ സിംഗ്.

ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ഛായ നാളെ വിരമിക്കുന്ന പശ്ചാത്തലത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി എന്‍ കെ സിംങ്ങിനെ നിയമിച്ചുകാണ്ട് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കിയത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.കെ. സിങിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കൊളീജിയം ശുപാര്‍ശ നിലനില്‍ക്കേയാണ് പുതിയ ഉത്തരവ്.

ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തള്ളി. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതിയിലേക്ക് മാറ്റി ശുപാര്‍ശ ചെയ്തത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ വിനോദ് ചന്ദ്രന്‍ 2011 ലാണ് ഹൈക്കോടതി ജഡ്ജിയായത്.