ചഹലിന്റെയും ധനശ്രീയുടെയും കാര്യത്തിൽ തീരുമാനമായി; ജീവനാംശമായി നൽകേണ്ടത് കോടികൾ; സംഭവം ഇങ്ങനെ

ഒടുവിൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും, ധനശ്രീ വർമയും. വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതി. 2020ല്‍ വിവാഹിതരായ ചഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അ‍ഞ്ചിനാണ് ഇരുവരും ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ആറ് മാസത്തെ കാലയളവ് ഒഴിവാക്കി ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കണം എന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പരസ്പര ധാരണപ്രകാരം കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്ന് ചഹലിന്‍റെ അഭിഭാഷകന്‍ നിതിന്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞു എന്ന വാർത്തകൾ പരന്നിരുന്നു. സെക്ഷൻ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണ് പരിഗണിക്കുക.

എന്നാൽ ചഹലും ധനശ്രീയും രണ്ട് വർഷത്തിലേറെയായി പിരിഞ്ഞ് കഴിയുകയായിരുന്നതിനാലാണ് ബോംബെ ഹൈക്കോടതി ആറ് മാസത്തെ കാലയളവ് ഒഴിവാക്കാൻ നിർദേശം നൽകിയത്. ചഹൽ ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് 60 കോടിയോളം നൽകണം എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അത് വ്യാജമാണെന്ന് ധനശ്രീയുടെ കുടുംബം വ്യക്തമാക്കി.

Read more