ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ 40 പേരുൾപ്പെടുന്ന സ്ഥാനാർത്ഥിപട്ടിക കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചത്. പാനിപതിൽ നിന്ന് സച്ചിൻ കുണ്ടു, ടി​ഗാവോണിൽ രോഹിത് ന​ഗർ, അംബാല കന്ത് സീറ്റിലേക്ക് പരിമൾ പാരി, നർവാന-എസ് സി സംവരണ സീറഅറിലേക്ക് സത്ബീർ ദുബ്ലേൻ, റാനിയയിൽ സർവ മിത്ര സംബോജ് എന്നിവരെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട 40 അം​ഗ സ്ഥാനാർത്ഥി പട്ടികയിൽ കോൺ​ഗ്രസിന്റെ രാജ്യസഭാ എംപി രൺദീപ് സുർജെവാലയുടെ മകൻ ആദിത്യയുടെ പേരും ഉൾപ്പെട്ടിരുന്നു. അതേസമയം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിന് മുമ്പേയായിരുന്നു പൽവാൽ സ്ഥാനാർത്ഥിയും മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ ബന്ധുവുമായ കരൺ ദലാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

അതേസമയം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. 21 സ്ഥാനാർത്ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെതിരേ മത്സരിക്കുക ബിജെപി യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്. ജുലാനയിലാണ് ഇരുവരും തമ്മിൽ മത്സരിക്കുക. വിനേഷ് ഫോഗാട്ടിനെതിരെ മത്സരിക്കുന്ന ഭാരതീയ ജനതാ യുവ മോർച്ചയുടെ ഉപാധ്യക്ഷനും ബിജെപി ഹരിയാന കായിക വകുപ്പിൻ്റെ കൺവീനറുമാണ് യോഗേഷ് ബൈരാഗി. അതേസമയം സിറ്റിങ് എംഎൽഎമാരിൽ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.