എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

ലൈംഗിക പീഡനക്കേസില്‍ പരാതി നല്‍കിയ ഇരയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അതിജീവിത കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് എച്ച്ഡി രേവണ്ണയ്ക്ക് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് കഴിഞ്ഞ ദിവസം രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചത്. എച്ച്ഡി രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീയുടെ മകനാണ് എച്ച്ഡി രേവണ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്.

Read more

പ്രജ്വലിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് തന്റെ അമ്മയെ എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് എത്തിയാണ് രേവണ്ണയുടെ അനുയായിയുടെ ഫാം ഹൗസില്‍ നിന്ന് സ്ത്രീയെ മോചിപ്പിച്ചത്. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്നായിരുന്നു അതിജീവിതയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.