താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എഎപി ഒരു ദുരന്തമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും എന്നാല്‍ നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഡല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ പത്ത് വര്‍ഷം എഎപി നഷ്ടപ്പെടുത്തി. ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. ഡല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ എഎപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാരണം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ലെന്നും മോദി ആരോപിച്ചു.

അടുത്ത 25 വര്‍ഷം ഇന്ത്യയുടെയും ഡല്‍ഹിയുടേയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.