ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ചുമത്തി; യുവാവ് ബൈക്ക് കത്തിച്ചു

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് ബൈക്ക് കത്തിച്ചു. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസ് ഏരിയയിലായിരുന്നു സംഭവം.

ഡല്‍ഹി സ്വദേശിയായ ഇരുപത് വയസുകാരനാണ് പൊലീസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് ബൈക്ക് കത്തിച്ചത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിനെ തുടര്‍ന്ന് വികാസിനെ പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ബൈക്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വികാസ് തന്റെ ബൈക്കിന് തീയിട്ടത്. സംഭവത്തില്‍ വികാസിനെതിരെ കേസെടുത്തിട്ടുണ്ട്.