പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കെ.പി.സി.സി.യോട് ഹൈക്കമാൻഡ്. ഇത്തരക്കാർക്ക് ഭാവിയിൽ സ്ഥാനമാനങ്ങൾ നൽകാൻ ഹെെക്കമാൻഡ് തയ്യാറായേക്കില്ല. ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഇതു ബാധകമാകും. ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സെമി കേഡർ രൂപത്തിലാക്കാൻ അധ്യക്ഷൻ കെ. സുധാകരൻ നടത്തുന്ന ശ്രമങ്ങൾക്ക് ഹൈക്കമാൻഡ് പൂർണ പിന്തുണ നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഡിസിസി പട്ടികയ്ക്കെതിരെ പ്രതികരിക്കുന്നവരുടെയും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിടുന്നവരുടെയും പേരുകൾ കൈമാറാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ. സുധാകരനോട് ആവശ്യപ്പെട്ടു. പട്ടികയുടെ പേരിലുയർന്ന പോരിനു വിരാമമിടുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.
Read more
അതേസമയം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ.വി. ഗോപിനാഥിനെ ഉൾപ്പെടെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടത്തേണ്ടതില്ലെന്നും കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണറിയുന്നത്. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ശക്തമാക്കും. പാർട്ടി വേദികളിൽ ആർക്കും എന്തു വിമർശനവും പറയാം. എന്നാൽ, പൊതുവേദികളിൽ അത്തരം പരാമർശങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ഹൈക്കമാൻഡിന് കൈമാറണം. എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.