ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത് മനുഷ്യ വിരല്‍; ഐസ്‌ക്രീം വാങ്ങിയത് സെപ്‌റ്റോ ആപ്പില്‍ നിന്ന്

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് യുവഡോക്ടര്‍ക്ക് ലഭിച്ചത് മനുഷ്യ വിരല്‍. മുംബൈയിലെ മലാഡിലാണ് സംഭവം നടന്നത്. മലാഡ് സ്വദേശിയായ ഒര്‍ലെം ബ്രെന്‍ഡര്‍ സെറാവോ എന്ന യുവ ഡോക്ടര്‍ക്കാണ് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയത്.

ഐസ്‌ക്രീമിനൊപ്പം പലചരക്ക് സാധനങ്ങളും ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചുതുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെട്ടു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം ഡോക്ടര്‍ കഴിച്ചിരുന്നു. വിവരം ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു.

ഐസ്‌ക്രീമിന്റെ ശേഷിച്ച ഭാഗവും കൈ വിരലും പൊലീസില്‍ ഏല്‍പ്പിച്ചു. ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഐസ്‌ക്രീം നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത സ്ഥലം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.