ഹൈദരാബാദിലെ ദുരഭിമാനക്കൊലയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തെലങ്കാന ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും കമ്മീഷന്‍ നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാറിനോട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നിയമത്തെ ഭയക്കാതെ പൊതു ഇടത്തില്‍ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നിയമലംഘനത്തെ സൂചിപ്പിക്കുന്നുവെന്നും അത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നുമാണ് കമ്മീഷന്റെ നിരീക്ഷണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ തെലങ്കാന സര്‍ക്കാരിന് എന്തെങ്കിലും നയം ഉണ്ടെങ്കില്‍ അത് മനുഷ്യാവകാശ കമ്മീഷനെ അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് അന്വേഷണ പുരോഗതിയും ഇരയുടെ ഭാര്യയെയും കുടുംബത്തെയും സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളും ഡിജിപി അറിയിക്കണം.
രംഗറെഡ്ഡി ജില്ലയിലെ മാര്‍പള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് എന്ന 25 വയസുകാരനാണ് ഏപ്രില്‍ 4 ന് കൊല്ലപ്പെട്ടത്. അന്യമതത്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെയാണ് യുവതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തിയത്. നാഗരാജുവിന്റെ ഭാര്യ 23 കാരിയായ അഷ്രിന്‍ സുല്‍ത്താനയ്ക്ക് അക്രമികളെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റിരുന്നു. അക്രമം കണ്ടുനിന്നവര്‍ ആരും തന്നെ സഹായത്തിനെത്തിയില്ലെന്ന് സുല്‍ത്താന പറഞ്ഞു. സംഭവത്തില്‍ സുല്‍ത്താനയുടെ സഹോദരന്‍ സയാദ് മൊബിന്‍ അഹമ്മദിനെയും കൂട്ടാളി മുഹമ്മദ് മസൂദ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് മാസം മുമ്പാണ് നാഗരാജും സുല്‍ത്താനയും തമ്മിലുള്ള വിവാഹം നടന്നത്. കോളജ് കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. രണ്ട് മാസം മുമ്പ് ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ നാഗരാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
Read more
ബുധനാഴ്ചരാത്രി ഒമ്പത് മണിയോടെ സരൂര്‍നഗറില്‍വച്ച് ഇരുവരും ബൈക്കില്‍ പോകവെയാണ് ആക്രമണം ഉണ്ടായത്. തഹസില്‍ദാര്‍ ഓഫീസിനടുത്ത് വച്ച് അജ്ഞാതര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. പൊലീസ് വൈകിയാണ് സ്ഥലത്തെത്തിയത്. തലയ്ക്ക ഗുരുതരമായി പരിക്കേറ്റ നാഗരാജു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.