ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് പ്രദേശം സന്ദര്‍ശിക്കാനൊരുങ്ങിയതെന്നും അത് തന്റെ ഭരണഘടനാ അവകാശമാണെന്നും രാഹുല്‍ പ്രതികരിച്ചു. പൊലീസ് തടഞ്ഞ ഡൽഹി- യുപി അതിർത്തിയിൽ കാറിന് മുകളില്‍ കയറിയിരുന്ന് ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
‘ഞാന്‍ ഒറ്റയ്ക്ക് പോവാന്‍ തയ്യാറായിരുന്നു. പൊലീസിനൊപ്പം പോവാനും തയ്യാറായിരുന്നു. പക്ഷേ, അതൊന്നും അവര്‍ അംഗീകരിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞ് വന്നാല്‍ വിടാമെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സംഭലില്‍ പോവേണ്ടതുണ്ടായിരുന്നു. എവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. അവിടുത്തെ ജനങ്ങളെ കാണണം. എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യ’- രാഹുല്‍ പ്രതികരിച്ചു.
സംഭലില്‍ സംഭവിച്ചത് എന്തായിരുന്നാലും അത് തെറ്റായിരുന്നു. അവിടെയുള്ള ജനങ്ങളെ കാണേണ്ടത് ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ അവകാശമായിരുന്നു. അതാണ് ലംഘിക്കപ്പെട്ടതെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. പൊലീസിന് മുന്നില്‍ പല കാര്യങ്ങളും മുന്നോട്ടുവെച്ചു. പക്ഷേ, അവര്‍ക്ക് ഉത്തരമില്ലായിരുന്നു. അവിടെ പോയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നാണ് പറയുന്നത്. അത് തടയാന്‍ പൊലീസുകാര്‍ക്ക് കഴിയില്ലേയെന്നും പ്രിയങ്ക ചോദിച്ചു. ഒരിഞ്ച് പോലും പിന്നോട്ടില്ല. പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
ജുമാമസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദർശിക്കാൻ ഇറങ്ങിയ കോൺഗ്രസ് നേതാക്കളുടെ വാഹനം ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ രണ്ട് മണിക്കൂറോളം പൊലീസ് തടസപ്പെടുത്തിയിരുന്നു. വലിയ ബാരിക്കേഡുകള്‍ നിരത്തി റോഡ് ബ്ലോക്ക് ചെയ്ത് യാത്ര തടസപ്പെടുത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതിരുന്നതോടെ നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരികെ മടങ്ങി.