സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയാല്‍ കൈയൊടിച്ച്  തിരിച്ചേല്‍പ്പിക്കും; ബി.ജെ.പി ആക്രമത്തില്‍ മുന്നറിയിപ്പുമായി സുപ്രിയാ സുലെ

മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കുന്ന ഏതൊരാണിന്റെയും കൈ ഒടിക്കുമെന്ന് മുന്നറിയിപ്പുമായി എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തിങ്കളാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദര്‍ശന വേളയില്‍ പാചകവാതക സിലിണ്ടറിന്റെ വിലവര്‍ദ്ധനവിന് എതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ എന്‍സിപി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്.

ആണുങ്ങള്‍ സ്ത്രീകളെ ആക്രമിക്കുന്നത് മറാഠി സംസ്‌കാരത്തിന് ചേര്‍ന്നതല്ല. സ്ത്രീകളെ എപ്പോഴും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കര്‍, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ നാടാണ് മഹാരാഷ്ട്രയെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇനി സ്ത്രീകള്‍ക്ക് നേരെ ഏതെങ്കിലും പുരുഷന്‍ കൈ ഉയര്‍ത്തിയാല്‍ അയാള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ആക്രമിക്കുന്നയാളുടെ കൈ ഒടിച്ച് അയാള്‍ക്ക് തന്നെ തിരികെ നല്‍കുമെന്നും സുപ്രിയ സുലെ പറഞ്ഞു.

വനിതാ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിനും പീഡനത്തിനുമെതിരെയാണ് കേസ്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ ആരോപണങ്ങളെ എതിര്‍ത്തു.