ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

ചെന്നൈ ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണത്തിലുള്ള അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിലെ കാവിവത്കരണം അവസാനിപ്പിക്കണം. എല്ലാവരേയും ദേശീയ പതാകയുടെ ത്രിവര്‍ണ്ണത്തിന് തുല്യമായി പരിഗണിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഫാത്തിമയുടെ മരണം ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷിക്കണമെന്ന് മാനിത്തനേയ മക്കല്‍ കച്ചി നേതാവ് എം എച്ച് ജവാഹിരുല്ല ബുധനാഴ്ച ആവശ്യപ്പെട്ടു. ഐഐടി മദ്രാസിലെ അധ്യാപകരിലൊരാളുടെ മതപരമായ വിവേചനത്തിന്റെ ഫലമാണ് മകളുടെ ആത്മഹത്യയെന്ന് ആരോപിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് അബ്ദുള്‍ ലത്തീഫുമായി താന്‍ സംസാരിച്ചതായി ജവാഹിരുല്ല ചെന്നൈയില്‍ പറഞ്ഞു

ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ 9- നാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയു ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാത്തിമ ലത്തീഫിന്റെ കുടുബം ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടു.

അതേസമയം ഫാത്തിമയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ചെന്നൈ പൊലീസ് വ്യാഴാഴ്ച കേസ് കേന്ദ്ര ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയിട്ടുണ്ട്. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ കമ്മീഷണറുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിക്കുമെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ പറഞ്ഞു.

അതിനിടെ ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു. ഫാത്തിമയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന മദ്രാസ് ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം.

ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20-ല്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്.

Read more

.