അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് രാജ്യത്ത് കോടികളുടെ അഴിമതികള്‍ നിലനിന്നിരുന്നെന്നും എന്നാലിന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും മോദി പറഞ്ഞു.
ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വര്‍ഷങ്ങളിലേക്കു പ്രതിഫലിക്കും. പുതിയ ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുകയാണ്. ലോകത്തെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. ഈ മേഖലയിലെ ഇന്ത്യയുടെ നൈപുണ്യം രാജ്യാന്തര തലത്തില്‍ പുതിയ പങ്കും സ്വാധീനവും നല്‍കുന്നു. രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ് രാജ്യാന്തര വിദഗ്ധര്‍ പറയുന്നത്.
എന്റെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് രാജ്യത്ത് കോടികളുടെ അഴിമതികള്‍ നിലനിന്നിരുന്നു. ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങള്‍ ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുത്തു, ചോര്‍ച്ച തടഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിയുടെ ഉറപ്പാണ്’.
Read more
സര്‍ക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. ‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു. അഞ്ചു വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍നിന്ന് കരകയറി നവമധ്യവര്‍ഗം, മധ്യവര്‍ഗം എന്നിവയുടെ ഭാഗമായെന്നും പ്രധാനമന്ത്രി പറഞ്ഞു.