2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരം മാത്രമേ ജയിച്ചുള്ളു എങ്കിലും മുംബൈ ഇന്ത്യൻസ് കൈയടികൾ നേടുകയാണ്. യുവതാരങ്ങൾക്കും ഇതുവരെ ആരും ശ്രദ്ധിക്കപെടാത്തവർക്കും ഒകെ അവസരം നൽകിയാണ് മുംബൈ ഇന്ത്യൻസ് ഞെട്ടിക്കുന്നത്. ടൂർണമെന്റിന്റെ ചരിത്രം പരിശോധിച്ചാൽ ഒരുത്തി ടീമും ലേലത്തിലൊക്കെ ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്ത താരങ്ങൾക്ക് ബിഡ് ചെയ്ത് അവർക്ക് അവസരം നൽകിയാണ് മുംബൈ മറ്റുള്ള ടീമുകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഈ സീസണിൽ അവർ അങ്ങനെ അവസരം നൽകി മികവ് കാണിച്ചവർ ആയിരുന്നു പഞ്ചാബിൽ നിന്നുള്ള പേസർ അശ്വിനി കുമാറും മലയാളി സ്പിന്നർ വിഘ്‌നേഷ് പുത്തൂരും.
ഫ്രാഞ്ചൈസിയുടെ സ്കൗട്ട് ടീമിന്റെ മികവിൽ ആണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി മാറിയ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും മുംബൈയിൽ ചേരുന്നത്. ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ അശ്വനിയെ വിജയകരമായി സ്വന്തമാക്കിയതിന് ശേഷം മുംബൈയുടെ നിലവിലെ മുഖ്യ പരിശീലകൻ മഹേല ജയവർധന ആഘോഷിക്കുന്നത് കാണാമായിരുന്നു.
മുംബൈയുടെ റഡാറിലുള്ള കളിക്കാരുടെ കഴിവുകളെക്കുറിച്ച് എതിരാളികളായ ഫ്രാഞ്ചൈസികൾ പോലും ബോധവാന്മാരല്ല. മുൻ ഇന്ത്യൻ താരം രാഹുൽ സാങ്‌വിയാണ് മുംബൈയുടെ സ്കൗട്ടിംഗ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര മുംബൈ ഇന്ത്യൻസിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
“ഞാൻ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നെങ്കിൽ, ലേല സമയത്ത് അവരുടെ തന്ത്രങ്ങൾ കാണാനും ലിസ്റ്റിൽ ഉള്ള താരങ്ങളുടെ പേരുകൾ കാണാനും ഞാൻ മുംബൈ ഇന്ത്യൻസിന്റെ ടേബിളിന് പിന്നിൽ ഇരിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യത്തിലുള്ള കളിക്കാർക്ക് മാത്രമേ ഞാൻ ലേലം വിളിക്കൂ. ”
“മുംബൈ ഇന്ത്യൻസിനെ പിന്തുടരുകയും അവർക്ക് താൽപ്പര്യമുള്ള ക്രിക്കറ്റ് കളിക്കാരെ ലേലം വിളിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗം. പ്രതിഭകളെ കണ്ടെത്തുന്നതിന് അവർക്ക് അഭിനന്ദനങ്ങൾ. മറ്റ് ഫ്രാഞ്ചൈസികൾക്ക് അവരുടേതായ സ്കൗട്ടിംഗ് ടീമുകളുണ്ട്, പക്ഷേ മുംബൈ അവരെക്കാൾ മുന്നിലാണ്,” ആകാശ് ചോപ്ര സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.