ഭരണപക്ഷം എത്ര പ്രകോപിപ്പിച്ചാലും സഭ വിടരുത്; പൂര്‍ണമായും ചര്‍ച്ചയില്‍ പങ്കെടുക്കണം; വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷം

വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ ഭരണപക്ഷത്ത് നിന്നും എത്ര പ്രകോപനം ഉണ്ടായാലും സഭവിടരുതെന്ന് നിര്‍ദേശം നല്‍കി പ്രതിപക്ഷം. ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്തതിനുശേഷം എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി.

എന്തു പ്രകോപനമുണ്ടായാലും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ മാറിനില്‍ക്കുകയോ ചെയ്യില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്തണം എന്ന് ഖര്‍ഗെ പറഞ്ഞു. കേരളത്തില്‍ കത്തോലിക്ക സഭ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ തള്ളി എല്ലാ കോണ്‍ഗ്രസ് എംപിമാരും ബില്ലിനെ എതിര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ബില്ലുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടിയുടെ എല്ലാ എംപിമാരും ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച നടക്കും. സഭയില്‍ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി രാവിലെ 9.30ന് പാര്‍ട്ടി എംപിമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം അടങ്ങിയ ബില്ലാണ് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

Read more

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്‍ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല.