ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ തേൻകരടിയായിരുന്ന ഗുലാബൊ ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിലെ മൃഗശാലയിൽ വെച്ച് ചത്തതായ് ജീവനക്കാർ അറിയിച്ചു.നാൽപ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു ഓമനമൃഗത്തിന്റെ അന്ത്യം.
2006 വരെ ഒരു തെരുവ് കലാകാരനോടൊപ്പം ആയിരുന്ന പെൺകരടിയെ രക്ഷപ്പെടുത്തി വിഹാർ ഉദ്യാനത്തിൽ എത്തിക്കുകയായിരുന്നു. വൈകാതെ പാർക്കിലെ പ്രധാന ആകർഷണമായി ഗുലാബൊ മാറി . ഗുലാബോയെ ഉചിതമായി സംസ്കരിച്ചതായ് ജീവനക്കാർ അറിയിച്ചു.
ഇന്ത്യയിൽ പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശങ്ങളിൽ കാണപ്പെടുന്ന കരടി വിഭാഗമാണ് തേൻകരടി അഥവാ മടിയൻ കരടി. പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇവ ഇര തേടാനിറങ്ങുന്നു. പഴങ്ങളും ഷഡ്പദങ്ങളും ചിതലുമാണ് പ്രധാന ഭക്ഷണം. ഐ.യു.സി.എൻ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് തേൻകരടിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മുപ്പത് വർഷമായ് ഇവയുടെ എണ്ണം മുപ്പത് മുതൽ അമ്പത് ശതമാനത്തോളം കുറഞ്ഞു. വേട്ടയാടുന്നതും ആവാസ വ്യവസ്ഥകൾ ഇല്ലാതാകുന്നതും സംരക്ഷണത്തിന്റെ അഭാവവുമെല്ലാം ഇതിന് കാരണമാണ്.
Read more
നാൽപത് വയസ്സ് വരെയാണ് ഇവക്ക് ആയുസ്സ് കണക്കാക്കുന്നത്. തേൻകരടികൾക്കായുള്ള സംരക്ഷണ പ്രജനന കേന്ദ്രം ഭോപ്പാൽ അപ്പർ തടാകത്തിന് സമീപമുള്ള വാൻ വിഹാർ ഉദ്യാനത്തിലുണ്ട്. ഇന്ത്യയിൽ ആറായിരത്തിനും പതിനൊന്നായിരത്തിനും ഇടയിൽ തേൻകരടികൾ ഉണ്ടെന്നാണ് അനുമാനിക്കുന്നത്. പിന്നെ പ്രധാനമായും ഇവ കാണപ്പെടുന്നത് ശ്രീലങ്കയിലാണ്.