നിലപാട് കടുപ്പിച്ച് ഇന്ത്യ; അനധികൃത റോഡ് നിർമാണത്തിൽ നിന്ന് ചൈന പിന്മാറി

അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ചൈനയുടെ പിന്മാറ്റത്തോടെ ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി.

ചൈനീസ് സൈനികരും റോഡ് നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം രണ്ടാഴ്ചമുമ്പാണ് ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി ഷിയാങ് നദീതീരം വരെ എത്തിയത്. ചൈനയുടെ അതിർത്തിലംഘനം മനസ്സിലാക്കിയ ഇന്ത്യൻ സൈനം ഉടനടി ചൈനീസ് സംഘത്തെ തിരിച്ചയിക്കുകയായിരുന്നു.

പ്രശ്‌നം പരിഹരിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. അതിര്‍ത്തി സേനാംഗങ്ങളുെട യോഗത്തിലാണ് (ബിപിഎം) പിന്മാറാനുള്ള സന്നദ്ധത ചൈന അറിയിച്ചത്. ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കര്‍ ലോറിയും വിട്ടു കൊടുക്കണമെന്ന ആവശ്യം മാത്രമാണ് ചൈന ഉന്നയിച്ചത്.

വടക്കന്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ ഷിയാങ് ജില്ലയിലായിരുന്നു ചൈനീസ് കടന്നുകയറ്റം നടന്നത്. ഡോക്ലാമില്‍ 73 ദിവസം നീണ്ടുനിന്ന യുദ്ധസമാന സാഹചര്യം അവസാനിച്ച് മാസങ്ങള്‍ക്കകമാണ് ചൈനയുടെ അടുത്ത പ്രകോപനമുണ്ടായത്.