ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യമേഖലയ്ക്ക് നല്‍കാനൊരുങ്ങി റെയില്‍വേ

കൂടുതല്‍ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യകമ്പനികള്‍ക്ക് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എറണാകുളം-തിരുവനന്തപുരം പാതയിലടക്കം രാജ്യത്തെ 14 ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാമെന്ന നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ട് വെച്ചു.

ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27 -ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കേന്ദ്ര സര്‍ക്കാരിനോട് 100 ദിവസത്തെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രെയിനുകള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഐ.ആര്‍.സി.ടി.സിക്ക് ( ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടിക്കറ്റിംഗ് കോര്‍പറേഷന്‍) കൈമാറിയ ഡല്‍ഹി ലഖ്‌നോ-തേജസ് എക്‌സ്പ്രസ് പരീക്ഷണാടിസ്ഥാനത്തില്‍. ഒക്ടോബര്‍ അഞ്ച് മുതല്‍ സര്‍വിസ് ആരംഭിക്കും.

വിനോദസഞ്ചാരം, തീര്‍ത്ഥാടനം തുടങ്ങയ മേഖലകള്‍ക്ക് പ്രാമുഖ്യമുള്ള കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകളെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യമേഖലക്ക് നല്‍കുന്നതിന് തയ്യാറാക്കിയ കരടുരേഖയില്‍ ഡല്‍ഹി-ഹൗറ, ഡല്‍ഹി-മുംബൈ തുടങ്ങി പ്രധാന പാതകള്‍, എറണാകുളം-തിരുവനന്തപുരം, ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-ബംഗളൂരു, ചെന്നൈ-മധുര, ഡല്‍ഹി-ജയ്പുര്‍ തുടങ്ങി 14 പാതകളിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, സെക്കന്ദരാബാദ് സബര്‍ബന്‍ ട്രെയിന്‍ സര്‍വിസുകള്‍ എന്നിവയും ഉള്‍പ്പെടുത്തി.

2023-24 കാലയളവിനുള്ളില്‍ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നല്‍കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞിരുന്നു. ടിക്കറ്റ് വില്‍പന, കോച്ചിലെ സൗകര്യങ്ങള്‍, ഡിസൈന്‍ പരിഷ്‌കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യമേഖല കമ്പനികള്‍ക്ക് നല്‍കുക.