പ്രചാരണത്തിന് എത്തിയ കനയ്യക്ക് നേരെ മഷിയെറിഞ്ഞു; ആസിഡെന്ന് കോൺഗ്രസ്

ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാര്‍ ലഖ്‌നൗവിലെത്തിയത്. എന്നാല്‍ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

‘അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന മൂന്നാല് യുവാക്കളുടെ മേല്‍ വീണു,’ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്നൗവില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാര്‍ എത്തിയത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

‘ഹത്രാസ്, ഉന്നാവ്, ലഖിംപൂര്‍ ഖേരി സംഭവങ്ങള്‍ നടന്നത് മുതല്‍, നീതി തേടി കോണ്‍ഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവര്‍ രാജ്യത്തെ വില്‍ക്കുകയാണ്, കോണ്‍ഗ്രസ് ഇന്ത്യയെ കെട്ടിപ്പടുത്തു, അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്’ കനയ്യ കുമാര്‍ പറഞ്ഞു.

2018ല്‍ ഗ്വാളിയോറില്‍ വെച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കും കുമാറിനും നേരെ ഹിന്ദു സേനയുടെ മുകേഷ് പാല്‍ മഷി എറിഞ്ഞിരുന്നു.