ബലാല്‍സംഗ കേസുകളിലെ മുന്‍കൂര്‍ ജാമ്യം: പ്രതിക്ക് ജാമ്യം അനുവദിക്കും മുമ്പ് ഇരയുടെ വാദം കേള്‍ക്കണമോ?; സുപ്രീം കോടതി പരിശോധിക്കും

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോയെന്ന സുപ്രധാന ചോദ്യം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി. ബലാത്സംഗക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. കെ വി സുരേഷ് ബാബു vs സ്റ്റേറ്റ് ഓഫ് കേരള കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ഇരയുടെ വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. 2024 ഏപ്രിലിലെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഇരയുടെ വാദം കേള്‍ക്കാതെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ചൂട്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. പക്ഷേ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ പ്രതി അന്വേഷണവുമായി സഹകരിക്കുന്നെണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ ശ്രീറാം പറകാട് എന്നിവര്‍ കോടതിയില്‍ വാദിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ജസ്റ്റിസ് ബി ആര്‍ ഗവായും കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് ഈ വിഷയത്തില്‍ നോട്ടീസ് അയച്ചു.

ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചുവെന്ന സാങ്കേതിക കാരണത്താല്‍ ജാമ്യം റദ്ദാക്കിയത് ശരിയല്ലെന്നാണ് ബലാല്‍സംഗ കേസ് പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് വാദിച്ചത്. ഇതേതുടര്‍ന്നാണ് ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോയെന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.