എന്‍ഐഎ തലയ്ക്ക് വിലയിട്ടിരുന്ന ഐഎസ് ഭീകരന്‍ മുഹമ്മദ് ഷഹനവാസ് കേരളത്തിലുമെത്തിയിരുന്നതായി റിപ്പോര്‍ട്ട്. മുഹമ്മദ് ഷഹനവാസ് എന്ന ഷാഫി ഉസ്മാന്‍ ഇന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായിരുന്നു. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്. മുഹമ്മദ് ഷഹനവാസ് വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെടുത്ത ചിത്രങ്ങള്‍ കണ്ടുകെട്ടിയതായും സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. വനപ്രദേശം, ആളൊഴിഞ്ഞ കൃഷിഭൂമി എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
മുഹമ്മദ് ഷഹനവാസിനൊപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. ഷഹനവാസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. പൂനെ പൊലീസ് ഇയാളെ വാഹനമോഷണ കേസില്‍ പിടികൂടിയിരുന്നു. എന്നാല്‍ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
Read more
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് അനുയായികളെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നാണ് ഐഎസ് ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.