ഐഎസ്ആര്‍ഒ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണായുധം; എല്ലാ ദൗത്യങ്ങളും ദേശീയ വികാരം ഉയര്‍ത്താന്‍ ഉപയോഗിക്കുന്നു; മോദി മാജിക്കായി കാണിക്കാന്‍ ശ്രമിക്കുന്നുവെന്ന് മഹുവ മൊയ്ത്ര

ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദിയുടെ നേട്ടമായി കാണിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും മഹുവ എക്‌സില്‍ കുറിച്ചു.

ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമാണ്. എല്ലാ ദൗത്യങ്ങളേയും തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതയെന്ന വികാരം ഉയര്‍ത്താനായി ഉപയോഗിക്കുന്നു. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ, മോദിയുടെ മാജിക്കായി കാണിക്കാന്‍ ഭക്തട്രോള്‍ ആര്‍മി 24 മണിക്കൂറും ശ്രമിക്കുന്നുവെന്ന് മഹുവ എക്‌സില്‍ കുറിച്ചു.


നേരത്തെ, ബഹിരാകാശ രംഗത്തെ നേട്ടങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും പോരടിച്ചിരുന്നു. തങ്ങളുടെ ഭരണകാലത്തും മികച്ച നേട്ടങ്ങള്‍ കൈവരിച്ചതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ശമ്പളം മുടങ്ങുന്നുണ്ടെന്ന ആരോപണവുമായി തൃണമൂല്‍ നേതാവ് അരൂപ് ബിശ്വാസും രംഗത്തുവന്നിരുന്നു.
ആഗസ്റ്റ് 23ന് വൈകീട്ട് 6.04ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഐഎസ്ആര്‍ഒയുടെ ലാന്‍ഡര്‍ വിജയകരമായി ഇറക്കി ഇന്ത്യ ചരിത്രമെഴുതിയിരുന്നു. നാഴികക്കല്ലായ നേട്ടത്തിന് മോദി രാജ്യത്തെ അഭിനന്ദിക്കുകയും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനെ വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഗ്രീസില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലെത്തി ചന്ദ്രയാന്‍ 3ന് നേതൃത്യം നല്‍കിയവരെ അനുമോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തിയത്.nbsp;