'ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ'; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, കുറ്റസമ്മതം നടത്താൻ മറിയം റഷീദയെ കസ്റ്റഡിയിൽ പീഡിപ്പിച്ചു

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ. സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കണ്ടെത്തി. ഗൂഢാലോചന കുറ്റപത്രത്തിലാണ് സിബിഐ കണ്ടെത്തൽ. കുറ്റസമ്മതം നടത്താൻ മറിയം റഷീദയെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും തെളിവുകളില്ലാതെയാണ് നമ്പി നാരായണനെ സിബി മാത്യൂസ് അറസ് ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽപ്പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. 1994 ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മലേഷ്യൻ യുവതി മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നും കേസ് ഏറ്റെടുക്കാൻ കസ്റ്റഡിയിൽവച്ച് പീഡിപ്പിച്ചെന്നും ഗൂഢാലോചന കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബോസിന് വേണ്ടി ജോഷ്യ കൃത്രിമരേഖയുണ്ടാക്കിയെന്നും ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read more