ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഷിൻഡെ പക്ഷത്തുനിന്ന് വിജയിച്ച ജനപ്രതിനിധികള്‍ ഉദ്ദവ് താക്കറെ പക്ഷവുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യകക്ഷികളുടെ നിലപാട് നിർണായകമായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
ഏഴ് സീറ്റിലാണ് ഇത്തവണ സേന ഷിൻഡെ പക്ഷം വിജയിച്ചത്. ഇതിൽ നാലുപേർ ഉദ്ദവുമായി ഫോണിൽ സംസാരിക്കുകയും ആശയവിനിമയം തുടരുന്നുണ്ടെന്നു ദേശീയ മാധ്യമമായ എബിപി റിപ്പോർട്ട് ചെയ്യുന്നു. സേന പിളർപ്പിനുശേഷം നടന്ന ആദ്യത്തെ ജനവിധിയിൽ ഉദ്ദവ് പക്ഷം മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ എതിർനിരയിൽ പല നേതാക്കൾക്കും മനംമാറ്റമുണ്ടെന്നാണു വ്യക്തമാകുന്നത്. ഒൻപത് സീറ്റിലാണ് ഉദ്ദവ് പക്ഷം വിജയിച്ചത്.
ദേശീയതലത്തില്‍ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും പിടിച്ചുനിര്‍ത്താന്‍ ബിജെപി വിയര്‍ക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഷിന്‍ഡെ സേനയില്‍നിന്നും ഇന്‍ഡ്യ സഖ്യത്തിലേക്കുള്ള കൂടുമാറ്റമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള മാന്ത്രിക സംഖ്യയിലെത്താനാകാതെ 240ൽ ഒതുങ്ങിയിരിക്കുകയാണ് ബിജെപി 272 എന്ന കേവല ഭൂരിപക്ഷത്തിലെത്താൻ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും കനിഞ്ഞിട്ടുവേണം. ഇൻഡ്യ സഖ്യം വലിയ ഓഫറുകൾ നൽകിയാൽ രണ്ടുപേരും മറുകണ്ടം ചാടാനും സാധ്യതയേറെയാണ്.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെൻഡ് വ്യക്തമായ ഘട്ടത്തിൽ തന്നെ നിതീഷിനെയും നായിഡുവിനെയും പിടിച്ചുനിർത്താനുള്ള നീക്കം ബിജെപി ആരംഭിച്ചിരുന്നു. മോദി തന്നെ നേരിട്ടാണു രണ്ടുപേരെയും വിളിച്ചു സംസാരിച്ചതെന്നു വാർത്തകളുണ്ടായിരുന്നു. ജെഡിയുവും ടിഡിപിയും പിന്തുണച്ചാലും ഭരിക്കണമെങ്കിൽ ഇനിയും നാല് സീറ്റ് ആവശ്യമാണ് എൻഡിഎയ്ക്ക്. അതുകൊണ്ടുതന്നെ ഏഴ് സീറ്റുള്ള ഷിൻഡെ പക്ഷത്തു സംഭവിക്കുന്ന ഏതു നീക്കവും ബിജെപിക്ക് കൂടുതൽ തലവേദനയാകുമെന്നുറപ്പാണ്.
Read more
ഏതാനും മാസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ പുതിയ നീക്കത്തിനു കൂടുതൽ രാഷ്ട്രീയ മാനങ്ങളുണ്ട്. സേനയെ പിളർത്തി മഹാരാഷ്ട്ര ഭരണം തട്ടിപ്പറിച്ച ബിജെപി ഓപറേഷനിലെ ജനവികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻസിപിയുടെ കാര്യത്തിലും ഇതേ വികാരമാണ് അലയടിച്ചതെന്നു വ്യക്തമാണ്. ശരത് പവാർ പക്ഷം എട്ടു സീറ്റിൽ വിജയിച്ചപ്പോൾ അജിത് പവാറിന്റെ പക്ഷത്തിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. ഔദ്യോഗിക പാർട്ടി ചിഹ്നവും പേരുമെല്ലാം നഷ്ടപ്പെട്ടിട്ടും ഗംഭീര പ്രകടനമാണ് ശരത് പവാറും ഉദ്ദവും നടത്തിയത്.