തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

സൂറത്തില്‍ പത്രിക സമര്‍പ്പിച്ച് തള്ളിപ്പോയ കോണ്‍ഗ്രസ് നേതാവ് നിലേഷ് കുംഭാണി തിരിച്ചെത്തി. സംഭവത്തിന് ശേഷം കാണാതായ നിലേഷ് 20 ദിവസങ്ങള്‍ക്കിപ്പുറമാണ് തിരികെ എത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് തിരികെയെത്തിയ നിലേഷ് കുംഭാണി ഉന്നയിക്കുന്നത്.

കോണ്‍ഗ്രസാണ് തന്നെ ആദ്യം വഞ്ചിച്ചതെന്നാണ് നിലേഷിന്റെ ആരോപണം. തെറ്റ് ചെയ്തത് താനല്ല. പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകുന്നത്. താന്‍ വഞ്ചിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ആദ്യം തെറ്റ് ചെയ്തത് കോണ്‍ഗ്രസാണെന്നും നിലേഷ് ആരോപിക്കുന്നു.

കാംരേജ് നിയമസഭ സീറ്റ് നിഷേധിച്ച് 2017ല്‍ പാര്‍ട്ടിയാണ് തന്നെ ആദ്യമായി വഞ്ചിച്ചത്. പത്രിക തള്ളിയതോടെ കേസ് ഫയല്‍ ചെയ്യാന്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്റെ മേല്‍ കുറ്റം ചാര്‍ത്തിയതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പാര്‍ട്ടി നിറുത്തിയ സ്വതന്ത്രര്‍ പിന്‍മാറിയില്ലെങ്കില്‍ മത്സരം നടക്കുമായിരുന്നെന്നും നിലേഷ് പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിലേഷിനെ കാണാതായി. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് നിലേഷിനെ പുറത്താക്കിയത്.