ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സ്റ്റൈൽ വൈറൽ; വീണ്ടും തരംഗമായി 'മെലോഡി' ഹാഷ് ടാഗ്

ഇറ്റലിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ലോകനേതാക്കളെ സ്വാഗതം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്ത്യൻ സ്റ്റൈലിൽ കൈ കൂപ്പി നമസ്തേ പറഞ്ഞാണ് ലോകനേതാക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നത്. മെലോണിയുടെ ഈ നമസ്തേയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

 

ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ കൈ കൂപ്പി നമസ്തേ പറയൽ ജോർജിയ മെലോണി സ്വീകരിച്ചതിൽ സമൂഹ മാധ്യമങ്ങൾ അവരെ ഏറെ പ്രശംസിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും വിദേശ മണ്ണിലും പ്രകടമാകുന്ന കാഴ്ചയ്‌ക്കാണ് ഇതിലൂടെ ലോകം സാക്ഷ്യം വഹിച്ചത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനേയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയനെയും നമസ്തയോടെ മെലോണി അഭിവാദ്യം ചെയ്യുന്നത് വീഡിയോകളിൽ കാണാം.

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ജോർജിയ മെലോണി കഴിഞ്ഞ കുറച്ചു നാളുകളായി പ്രധനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിലൂടെ ഇന്ത്യൻ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. മോദിയുടെയും മെലോണിയുടെയും ഒരു സെൽഫിയും ഏറെ വൈറലായിരുന്നു. ‘മെലോഡി’ (#MELODI) എന്ന ഹാഷ് ടാഗിൽ ഇരുവരുടെയും നിരവധി ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ച മോദി അധികാരത്തിലേറിയപ്പോൾ ആദ്യം അഭിനന്ദനം അറിയിച്ച അന്താരഷ്ട്ര നേതാവും മെലോണിയാണ്.