ജഹാംഗീര്‍പുരി സംഘര്‍ഷം: ദേശീയ സുരക്ഷാ നിയമപ്രകാരം അഞ്ച് പേര്‍ക്ക് എതിരെ കേസ്

ഡല്‍ഹി ജഹാംഗീര്‍പുരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) പൊലീസ് കേസെടുത്തു. അക്രമത്തിന്റെ മുഖ്യ സൂത്രധാരനായ അന്‍സാര്‍ ഷെയ്ഖ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. 2020ലെ ഡല്‍ഹി കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

എന്‍എസ്എ പ്രകാരം കേസെടുത്തവരില്‍ ശനിയാഴ്ച അക്രമത്തിനിടെ വെടിയുതിര്‍ക്കുന്ന വീഡിയോയില്‍ കണ്ട സോനു ചിക്‌ന എന്നയാളും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. സലിം, ദില്‍ഷാദ്, അഹിര്‍ എന്ന മറ്റ് മൂന്ന് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. കുറ്റങ്ങള്‍ ചുമത്താതെ തന്നെ ഒരു വര്‍ഷം വരെ തടവില്‍ വയ്ക്കാന്‍ കഴിയുന്ന വകുപ്പികളാണ് ചുമത്തിയിരിക്കുന്നത്. സംഘര്‍ഷത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.

ഹനുമാന്‍ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്ന് കുട്ടികളെ ഉല്‍പ്പടെ അറസ്റ്റ് ചെയ്തിരുന്നു. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അതേസമയം മുഖ്യപ്രതിയായ അന്‍സാര്‍ ഷെയ്ഖ് ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഇതിന് മറുപടിയായി ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്‍സാര്‍ കാവി തൊപ്പി ധരിച്ച് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം ചില രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതായി കാണിക്കുന്ന ചില ചിത്രങ്ങള്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അന്‍സാര്‍ മറ്റൊരു നേതാവിനൊപ്പം 2020 ജനുവരിയില്‍ ബിജെപി വിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എഎപിയില്‍ ചേര്‍ന്നിരുന്നുവെന്നാണ് ഡല്‍ഹി ബിജെപി മീഡിയ ഹെഡ് നവിന്‍ കുമാര്‍ പറഞ്ഞത്.