ദ വയര്‍ റിപ്പോര്‍ട്ട് സത്യമെന്ന് ജയ് ഷായുടെ അഭിഭാഷകന്‍ കോടതിയില്‍ സമ്മതിച്ചു- ദ വയര്‍ സ്ഥാപക പത്രാധിപര്‍

അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ ദ വയര്‍ വാര്‍ത്ത സത്യമെന്ന് അഭിഭാഷകന്‍ കോടതിയില്‍ സമ്മതിച്ചു. ദ വയര്‍ സ്ഥാപക പത്രാധിപരായയ കെ വേണുവാണ് കോടതിയില്‍ സംഭവിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു ദ വയര്‍ വാര്‍ത്ത.

ജയഷാക്കെതിരെ ദ വയര്‍ നല്‍കിയ വാര്‍ത്ത സത്യമാണ്. പക്ഷേ സ്വകാര്യ വ്യക്തിയുടെ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിക്കുന്നതിനു പൊതു താല്‍പര്യമില്ലെന്നു ജയ്ഷായുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു എന്നാണ് ട്വിറ്ററില്‍ വേണു വ്യക്തമാക്കുന്നത്. വാര്‍ത്തയിലെ എല്ലാ വിവരവും സത്യമാണെന്നു ജയ് ഷായുടെ അഭിഭാഷകന്‍ സമ്മതിച്ച സ്ഥിതിക്ക് ഇനി റിപ്പോര്‍ട്ട് അപകീര്‍ത്തികരമാണെന്നു ജയ് ഷായ്്ക്കു പറയാന്‍ സാധിക്കില്ലെന്നു ദ വയറിന്റെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ കോടതിയെ ബോധിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്‍ച്ചയെക്കുറിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് തനിക്ക് അപകീര്‍ത്തികരമാണെന്നു കാണിച്ചാണ് ജയ് ഷാ കോടതിയെ സമീപിച്ചത്. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതില്‍ അപകീര്‍ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്‍ പറഞ്ഞു. “ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത്ഷാ” എന്ന പേരില്‍ രോഹിണി സിംഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.