ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് റണ്‍ചേസിംഗ് നടത്തി വിജയം നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കെകെആര്‍ മൂന്നോട്ടു വെച്ച 262 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.
ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് സെഞ്ച്വറിയും (48 പന്തില്‍ 108) പ്രഭ്സിമ്രാന്റെ തകര്‍പ്പന്‍ ഓപ്പണിംഗും (20 പന്തില്‍ 50) അവസാന ഓവറുകളിലെ ശശാങ്ക് സിങ്ങിന്റെ സിക്സ് പൂരവും (28 പന്തില്‍ 68) ആണ് പഞ്ചാബിനെ കളി ജയിപ്പിച്ചത്. ഇപ്പോഴിതാ വിജയ ചേസിന് പിന്നിലെ രഹസ്യ പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബെയര്‍സ്റ്റോ.
‘നല്ല തുടക്കമാണ് ഞങ്ങള്‍ നേടിയത്. അതായിരുന്നു പ്രധാനം. ഇപ്പോള്‍ ടി20യില്‍ നിങ്ങള്‍ റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ വഴിക്ക് പോകും. ചില ദിവസങ്ങളില്‍ ഇത് നിങ്ങളുടെ ഒപ്പമായിരിക്കില്ല. ഇത്രയും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോ ഒരു പ്ലാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കഴിയുന്നിടത്തോളം ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു അത്.’
‘നിങ്ങളുടെ റേഞ്ചില്‍ വരുന്ന പന്താണെങ്കില്‍ നിങ്ങള്‍ അടിക്കണം. സുനില്‍ നരൈന്‍ പന്തെറിയുമ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് ഓവറുകള്‍ കരുതലോടെ കളിച്ചു. ആ ഓവറുകള്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ശശാങ്ക് സിംഗ് ഒരു സ്‌പെഷ്യല്‍ കളിക്കാരനാണ്” ബെയര്‍സ്റ്റോ കൂട്ടിച്ചേര്‍ത്തു.