ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചത്. അതേസമയം നേരത്തെ 2024 സെപ്റ്റംബറിൽ ഗാന്ധിജിക്ക് അയച്ച കത്ത് തിരികെ നൽകാനോ ഡിജിറ്റലൈസ് ചെയ്യാനോ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

2008-ൽ അന്നത്തെ യുപിഎ ചെയർപേഴ്സണായിരുന്ന സോണിയാ ഗാന്ധിയുടെ അഭ്യർഥന പ്രകാരമാണ് കത്തുകൾ പൊതു ശേഖരത്തിൽ നിന്ന് നീക്കി, സ്വകാര്യമായി സൂക്ഷിക്കാൻ അനുമതി നൽകിയത്. 1971-ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ടിന് നല്‍കിയ ശേഖരത്തില്‍ 20-ആം നൂറ്റാണ്ടിലെ ചില പ്രമുഖ വ്യക്തികളുമായി നെഹ്‌റു നടത്തിയ വ്യക്തിഗത കത്തിടപാടുകൾ അടങ്ങിയ 51 പെട്ടികൾ ഉൾപ്പെട്ടിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട് ബാറ്റൺ, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവൻ റാം എന്നിവരുമായുള്ള കത്തുകളും അവയിൽ ഉൾപ്പെടുന്നു.

രേഖകൾ നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായി പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും എന്നിരുന്നാലും, ഈ ചരിത്ര സാമഗ്രികൾ പണ്ഡിതന്മാർക്കും ഗവേഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും പിഎംഎഎൽ വിശ്വസിക്കുന്നുവെന്നും കത്തുകൾ തിരിച്ചേൽപ്പിക്കാൻ സഹകരിക്കണമെന്നും രാഹുലിന് അയച്ച കത്തിൽ പറയുന്നു.

2024 സെപ്റ്റംബറിൽ, പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിലെ നെഹ്‌റു ശേഖരത്തിൻ്റെ ഭാഗമായ ഏകദേശം എട്ട് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള 51 കാർട്ടൂണുകൾ സ്ഥാപനത്തിലേക്ക് തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. രേഖകൾ നൽകാനോ അവയെ ഡിജിറ്റലൈസ് ചെയ്യാനോ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്കാൻ ചെയ്ത പകർപ്പുകൾ നൽകിയാൽ അവ പഠിക്കാനും വിവിധ പണ്ഡിതന്മാർക്ക് ഗവേഷണം നടത്താനും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ പിഎംഎംഎൽ സൊസൈറ്റിയിലെ 29 അംഗങ്ങളിൽ ഒരാളും ചരിത്രകാരനും എഴുത്തുകാരനുമായ റിസ്വാൻ കദ്രി പറഞ്ഞു.

Read more