ബാരിക്കേഡുകള്‍ക്ക് ജെസിബി, കണ്ണീര്‍ വാതകത്തിന് പട്ടം; കര്‍ഷക സമരം മൂന്നാം ദിവസവും മുന്നോട്ട്; നാളെ ഗ്രാമീണ്‍ ബന്ദ്

കര്‍ഷക സമരം മൂന്നാം ദിവസവും തുടരുമ്പോള്‍ ഇന്നത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി തീരുമാനം ആയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. പൊലീസ് അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5ന് ആണ് കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

മൂന്നാം തവണയാണ് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് തുടരാന്‍ ഇന്നും ശ്രമം നടത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘര്‍ഷം രൂപപ്പെട്ട സാഹചര്യത്തില്‍ മേഖലില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സമരത്തെ നേരിടാന്‍ ഹരിയാന പൊലീസും കേന്ദ്രസേനയും അതിര്‍ത്തികളിലുണ്ട്.

അതേ സമയം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ഗ്രാമങ്ങളില്‍ നിന്നും ജെസിബി കൊണ്ടുവരുമെന്നാണ് കര്‍ഷകരുടെ പ്രതികരണം. കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന കണ്ണീര്‍ വാതക പ്രയോഗത്തെ നനഞ്ഞ ചാക്കുകളുപയോഗിച്ച് നേരിടാനാണ് സമരക്കാരുടെ തീരുമാനം. ഡ്രോണ്‍ ഉപയോഗിച്ച് സമരക്കാര്‍ക്ക് നേരെ നടത്തുന്ന കണ്ണീര്‍വാതകം നനഞ്ഞ ചാക്കുപയോഗിച്ച് തിരിച്ചെറിയാനാണ് കര്‍ഷകരുടെ പദ്ധതി.

ഡ്രോണ്‍ ഉപയോഗിച്ചുള്ള കണ്ണീര്‍ വാതകത്തെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ പട്ടം പറത്തുന്നുണ്ട്. ഡ്രോണുകള്‍ പട്ടത്തിന്റെ നൂലില്‍ കുരുക്കിയിടാനാണ് സമരക്കാരുടെ നീക്കം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ഗ്രാമങ്ങളില്‍ നിന്ന് ജെസിബി എത്തിക്കാനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കം ധരിച്ചാണ് ബാരിക്കേഡുകള്‍ മറികടക്കുന്നത്.

കിസാന്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദ് നാളെയാണ്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.