സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ സഞ്ജീവ് ഖന്ന പദവിയിൽ തുടരും.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഒഴിഞ്ഞ പദവിയിലേക്കാണ് സഞ്ജീവ് ഖന്ന എത്തുന്നത്. 2005 ജൂണില്‍ ഡൽഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡൽഹി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983 ല്‍ ഡൽഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചു.