കോണ്‍ഗ്രസ്സ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്ന ഉത്തരാഖണ്ഡില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയുടെ സാന്നിദ്ധ്യം വലിയ ചര്‍ച്ചയാകുന്നു. 2016ല്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെടുത്തിയ വിജയവര്‍ഗിയ സംസ്ഥാനത്തെത്തിയതില്‍ കോണ്‍ഗ്രസ് അതീവ ജാഗ്രതയിലാണ്. ഞായറാഴ്ച ഉത്തരാഖണ്ഡിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദമിയുമായും മുന്‍ മുഖ്യമന്ത്രി രമേഷ് പൊക്രിയാലുമായും ചര്‍ച്ച നടത്തി. മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് വിജയവര്‍ഗിയയുടെ പ്രതികരണം.
2016ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പ് രൂപപ്പെടുത്തുന്നതില്‍ വിജയവര്‍ഗിയ വലിയ പങ്ക് വഹിച്ചെന്നാണ് കരുതപ്പെടുന്നത്. രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങിയതില്‍ റാവത്തിനുണ്ടായ അതൃപ്തിയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് ഇടയാക്കിയത്. 2017ല്‍ ബിജെപി 70ല്‍ 57 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 11 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും റാവത്ത് മുന്നിലേക്ക് വരുകയും കോണ്‍ഗ്രസിനെ നയിക്കുകയും ചെയ്തിരുന്നു.
Read more
2016ല്‍ വിജയവര്‍ഗിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് ശേഷമാണ് മടങ്ങിയത്. ഇത്തവണയും അത്തരം നീക്കങ്ങള്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കരുതുന്നത്. അത്തരം നീക്കങ്ങളെ നേരിടാനാണ് കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കമെന്നും മഥുര ദത്ത് ജോഷി പറഞ്ഞു. എന്നാല്‍ പുറത്ത് നിന്നുള്ള സഹായം വേണ്ടി വരില്ലെന്നും ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് വിജയവര്‍ഗിയയുടെ പ്രതികരണം.