നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാന്‍ തന്ത്രമൊരുക്കി വിജയിച്ച് കര്‍ണാടകയും അസാമും. അസമില്‍ ആരംഭിച്ച് വിജയിച്ച് പദ്ധതി അതേപടി പകര്‍ത്തുകയാണ് കര്‍ണാടക ചെയ്തിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യ താലൂക്കിലെ മണ്ടെക്കോല്‍ ഗ്രാമത്തിലെ ദേവറഗുണ്ടയിലാണ് കാട്ടാനക്കായി തേനീച്ച കെണി കര്‍ണാടക ഒരുക്കിയിരിക്കുന്നത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യം മൂലം കേരളത്തിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ആന ശല്യം തടയാന്‍ പല പദ്ധതികളും നടപ്പാക്കി. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. ഇപ്പോള്‍ ആന ഇറങ്ങുന്ന വഴികളില്‍ തേനീച്ച പെട്ടികള്‍ വച്ച് ആന ഇറങ്ങുന്നത് തടയുന്ന പരീക്ഷണമാണ് നടത്തുന്നത്.
കര്‍ണാടക ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ നടത്തിയ ഹണി മിഷന്‍ പദ്ധതി പ്രകാരം 35 കര്‍ഷകര്‍ക്ക് തേന്‍ കൃഷി പരിശീലനം നല്‍കിയിരുന്നു. പരിശീലനം നേടിയവര്‍ക്ക് 10 വീതം തേന്‍ പെട്ടികള്‍ വിതരണം ചെയ്തു. ഇങ്ങനെ നല്‍കുന്ന തേന്‍ പെട്ടികളാണ് കൃഷി ഇടത്തില്‍ കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലത്ത് സ്ഥാപിക്കുക.
മൂന്നും നാലും കര്‍ഷകര്‍ ചേര്‍ന്ന് തങ്ങളുടെ തേന്‍ പെട്ടികള്‍ വനാതിര്‍ത്തിയില്‍ സ്ഥാപിക്കും. ഇങ്ങനെ സ്ഥാപിക്കുന്ന പെട്ടികള്‍ കമ്പി ഉപയോഗിച്ച് ബന്ധിപ്പിക്കും. ആനകള്‍ വന്ന് തേന്‍ പെട്ടികളില്‍ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിയില്‍ തട്ടിയാല്‍ പരസ്പരം ബന്ധിപ്പിച്ച പെട്ടിയില്‍ നിന്ന് തേനിച്ചകള്‍ കൂട്ടത്തോടെ ഇളകും. ഈച്ചകള്‍ കൂട്ടത്തോടെ ഇളകുന്ന സ്ഥലത്ത് ആനകള്‍ പിന്നീട് ഇറങ്ങില്ല. കാട്ടാന ശല്യം രൂക്ഷമായ ദേവറഗുണ്ടയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തേന്‍ പെട്ടികള്‍ സ്ഥാപിച്ച് ഇതേ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സ്ഥലത്ത് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
തേനീച്ചകള്‍ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ഇറങ്ങുമ്പോള്‍ ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. പിന്നീട് ആനകള്‍ ആ വഴിക്ക് വരില്ല എന്നാണ് കണക്ക് കൂട്ടല്‍. ഇതു മൂലം ഒരു പരിധിവരെ ആന ശല്യം തടയാനാകും എന്നാണ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും പ്രതീക്ഷ.
Read more
അസം തുടങ്ങി സംസ്ഥാനങ്ങളില്‍ ഈ പദ്ധതി പരീക്ഷിച്ചിട്ടുണ്ട് എന്നാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ അധികൃതര്‍ പറയുന്നത്. കുടക്, നാഗറഹൊളെ തുടങ്ങിയ സ്ഥലങ്ങളില്‍ ആന ഇറങ്ങുന്ന സ്ഥലത്ത് തേന്‍ പെട്ടി വച്ച് നടത്തിയ പരീക്ഷണത്തിന്റെ വിഡിയോകളും കര്‍ണാടക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.