'മൂന്ന് ദിവസത്തിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കണ്ണ് ചൂഴ്‌ന്നെടുക്കും, നാവ് പിഴുതെറിയും'; ഖൂണ്‍ഘാത്ത് നിരോധിക്കണമെന്ന പ്രസ്താവനയില്‍ ജാവേദ് അക്തറിന് കര്‍ണി സേനയുടെ ഭീഷണി

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി തീവ്രവലതു പക്ഷ സംഘടനയായ കര്‍ണിസേന. ബുര്‍ഖ നിരോധിച്ചാല്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ ഖൂണ്‍ഘാത്ത് നിരോധിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് കര്‍ണിസേനയുടെ ഭീഷണി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് കര്‍ണിസേനയുടെ ഭീഷണി.

മൂന്ന് ദിവസത്തിനുള്ളില്‍ ക്ഷമാപണം നടത്തണമെന്നും അല്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഞങ്ങള്‍ അക്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണി സേന മഹാരാഷ്ട്ര വിങ് പ്രസിഡന്റ് ജിവന്‍ സിംഗ് സോളങ്കി പറഞ്ഞു.

ജാവേദ് അക്തര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്, നാവ് പിഴുതെടുക്കും, നിങ്ങളെ ഞങ്ങള്‍ വീട്ടില്‍ കയറി തല്ലും” കര്‍ണി സേന പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ജിവന്‍ സിംഗ് പ്രതിനിധാനം ചെയ്യുന്ന കര്‍ണി സേനയുടെ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ബുര്‍ഖ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ രാജസ്ഥാനിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ഹിന്ദു സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖൂണ്‍ഘാത്ത് നിരോധിക്കണമെന്നായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്.

Read more

“നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്നാണെങ്കില്‍ എനിക്കതില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അവസാനഘട്ടത്തിലുള്ള രാജസ്ഥാനിലെ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പ്, ആ സംസ്ഥാനത്ത് പ്രചാരത്തിലുള്ള ഖൂണ്‍ഘാത്തും നിങ്ങള്‍ നിരോധിക്കണം. ബുര്‍ഖയും ഖൂണ്‍ഘാത്തും ഇല്ലാതാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഞാന്‍ സന്തോഷവാനാകും. ഇറാഖ് ഒരു യാഥാസ്ഥിതിക മുസ്ലിം രാജ്യമാണ്. എന്നാല്‍ അവിടെപ്പോലും സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. ഇപ്പോള്‍ ശ്രീലങ്കയും അങ്ങിനെ തന്നെ ചെയ്യുകയാണ്”- ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് പിന്നാലൊയിരുന്നു ് ജാവേദ് അക്തറിന്റെ പ്രതികരണം.