കാര്‍ത്തി ചിദംബരത്തിന്റെ സുഹൃത്ത് അറസ്റ്റില്‍

വിസ തട്ടിപ്പ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സുഹൃത്ത് അറസ്റ്റില്‍. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എസ്. ഭാസ്‌കര്‍ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2011ല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരം 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

സംഭവത്തില്‍ ഇന്നലെ ഭാസ്‌കര്‍ രാമന്റെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഡല്‍ഹിയിലെ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും ഔദ്യോഗിക വസതിയിലും ഡല്‍ഹി, ചെന്നൈ, മുംബൈ, പഞ്ചാബ്, കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.

വിസ കണ്‍സല്‍ട്ടന്‍സി ഫീസ് എന്ന വ്യാജേന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരന്‍ 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകള്‍ സിബിഐക്ക് കിട്ടിയിരുന്നു. 263 ചൈനീസ് പൗരന്മാര്‍ക്കും വിസ അനുവദിച്ച് കിട്ടിയതിന് ശേഷം തല്‍വണ്ടി സാബോ പവര്‍ ലിമിറ്റഡ് കമ്പനിയുടെ മേധാവി വികാസ് മഖാരി, നന്ദി അറിയിച്ചു കൊണ്ടു കാര്‍ത്തി ചിദംബരത്തിനയച്ച ഇ-മെയിലും സിബിഐ കണ്ടെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടായേക്കും.

Read more

അതേസമയം താന്‍ പ്രതിയാകാത്ത കേസിലാണ് റെയ്ഡ്. അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും രാജ്യസഭാ അംഗം കൂടിയായ ചിദംബരം പ്രതികരിച്ചിരുന്നു. എത്രാമത്തെ തവണയാണ് റെയ്ഡ് നടക്കുന്നതെന്ന് കണക്കില്ല. ഇതൊരു റെക്കോര്‍ഡ് ആകുമെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.