സുപ്രീംകോടതി നിരോധിക്കാനിരുന്ന കേരള സ്റ്റോറിയെ രക്ഷിച്ചെടുത്തത് ഹരീഷ് സാല്‍വേ; പത്തുവര്‍ഷം മുന്നത്തെ വിധി എടുത്ത് ചീഫ് ജസ്റ്റിസിനെ പ്രതിരോധത്തിലാക്കി; നിരോധനം നീക്കിയതില്‍ വന്‍ ട്വിസ്റ്റ്

വിവാദ സിനിമയായ ദ കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ടുള്ള വാദങ്ങള്‍ക്കിടെ നിര്‍ണായക ട്വിസ്റ്റും. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ സുപ്രീംകോടതിയില്‍ അരങ്ങേറിയത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ സിനിമക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തെ ഒന്നടങ്കം പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ് സിനിമയെന്ന് വരെ സുപ്രീംകോടതി നിരീക്ഷിച്ചു. 32,000 ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ഇസ്ലാമിലേക്ക് മതംമാറ്റിയിട്ടുണ്ടെന്നതിനു തങ്ങള്‍ക്ക് ആധികാരിക രേഖയില്ലെന്നും സുപ്രീം കോടതി നിലപാട് എടുത്തിരുന്നു.

സിനിമവരെ നിരോധിക്കുമെന്ന സന്ദേശമാണ് സുപ്രീംകോടതിയില്‍ നിന്ന് ആദ്യം എത്തിയത്. തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവിന് വേണ്ടി അഡ്വ. ഹരീഷ് സാല്‍വേ ഹാജരാകുന്നത്. ഹരീഷ് സാല്‍വേയുടെ വാദങ്ങളും നിരീക്ഷണങ്ങളുമാണ് സിനിമയെ രക്ഷിച്ചെടുത്തത്.

ഇതുപോലെ തന്നെ, സമാന വിഷയത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാന വിധി പത്തു വര്‍ഷംമുമ്പു മഹാരാഷ്ട്ര ഹൈക്കോടതി പുറപ്പെടുവിച്ചതാണെന്നും അന്നു വിധി പറഞ്ഞ ജഡ്ജിമാരിലൊരാള്‍ ഇന്നിപ്പോള്‍ സുപ്രീം കോടതിയില്‍ തന്റെ മുന്നിലിരുന്ന് വാദം കേള്‍ക്കുന്നുണ്ടെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.

ഇതുകേട്ടു ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ് അല്‍പസമയം ചിന്താധീനനായി. തുടര്‍ന്നു ആ വിധിയെഴുതിയതു താനാണല്ലോ എന്നായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഡിന്റെ പ്രതികരണം. ഉടന്‍തന്നെ ദ കേരള സ്റ്റോറി വിലക്കിനെതിരേ സ്റ്റേ ഉത്തരവും അദേഹം പുറപ്പെടുവിക്കുകയായിരുന്നു.

മതത്തിന്റെ പേരില്‍ കലാപ്രദര്‍ശനം തടയാന്‍ കഴിയില്ലെന്നും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം അതിനും മേലെയാണെന്നുമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അന്നത്തെ വിധി. സിനിമ രാജ്യത്തുടനീളം പ്രദര്‍ശിപ്പിച്ചുവരികയാണെന്നും അതിനെതിരേയുള്ള ആശങ്കകള്‍ സാങ്കല്‍പ്പികംമാത്രമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ചിത്രം കാണേണ്ടാത്തവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്രമുണ്ടല്ലോ എന്നും അദ്ദേഹം കോടതിയെ അറിയിച്ചു

Read more

സിനിമയില്‍ വിദ്വേഷ പ്രസംഗമുണ്ടെന്നും ചിത്രം കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇതു സംസ്ഥാനത്തു സാമുദായിക സംഘര്‍ഷങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്നുമാണു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വാദിച്ചത്.
സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതു തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമാകുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു ബംഗാള്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തിനകത്തു വിദ്വേഷവും അക്രമവും ഉണ്ടാകാതിരിക്കാനാണു നിരോധനം നടപ്പാക്കിയത്. സിനിമയ്ക്കു വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടില്ലെന്നു തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ മറ്റിടങ്ങളില്‍ കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ എന്താണ് പ്രശ്‌നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ചോദിച്ചിരുന്നു.