നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക റിപ്പോർട്ടിൽ കേരളം ഒന്നാമത്

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചിക റിപ്പോർട്ടിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 75 പോയിൻ്റ് നേടിയാണ് ഇത്തവണ കേരളം ഒന്നാമതെത്തിയത്. സുസ്ഥിര വികസന സൂചിക റിപ്പോർട്ട് ആരംഭിച്ച 2018ൽ 69 പോയിൻ്റ് നേടിയായിരുന്നു കേരളം ഒന്നാമതെത്തിയത്. ഹിമാചൽ പ്രദേശും തമിഴ്‌നാടും 74 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനം ബിഹാറാണെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബിഹാർ,ജാ​ർഖണ്ഡ്, അസം എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ.

2019ൽ കേരളത്തിൻ്റെ പോയിൻ്റ് 70 ആയി ഉയർന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കൽ, വിശപ്പുരഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിൽ കേരളം ആദ്യസ്ഥാനങ്ങളിൽ ഇടംനേടി.

ഐക്യരാഷ്ട്രസഭ മുന്നോട്ടു വെച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളിൽ നേടിയ നേട്ടങ്ങൾ നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ പരിഗണിച്ചു.