കങ്കണ റണൗട്ടിനെ തല്ലിയ കുൽവീന്ദർ കൗറിന് സ്ഥലമാറ്റം, സസ്പെൻഷൻ തുടരും

ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് എംപിയും സിനിമാതാരവുമായ കങ്കണ റണൗട്ടിനെ തല്ലിയതിന്റെ പേരിൽ വിവാദത്തിലായ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റിയെങ്കിലും കൗർ സസ്പെൻഷൻസിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്. സിഐഎസ്എഫ് റിസർവ് ബറ്റാലിയനിലേക്ക് ആണ് മാറ്റം കിട്ടിയിരിക്കുന്നത്.

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകാനായി ജൂൺ ആറിന് ഷഹീദ് ഭഗത് സിങ് എയർപോർട്ടിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. പ്രകോപനം ഒന്നും ഇല്ലാതെ തന്നെ കുൽവീന്ദർ കങ്കണയെ തല്ലുക ആയിരുന്നു. സംഭവം വലിയ രീതിയിൽ വിവാദം ആകുകയും മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ കൗറിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

കർഷകരോട് കങ്കണക്ക് പുച്ഛം ആയിരുന്നു എന്നും തന്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെ അധിക്ഷേപിച്ചതിനാലാണ് തല്ലിയത് എന്നുമാണ് കൗർ അന്ന് പ്രതികരിച്ചത്. 2021 ൽ നടന്ന സമരത്തിൽ പങ്കെടുക്കാൻ എത്തുന്ന സ്ത്രീകൾ 100 രൂപ കൂലി വാങ്ങിയിട്ടാണ് വരുന്നതെന്നും അല്ലാതെ മറ്റൊരു ആവശ്യവും ഇല്ലെന്നും ഉള്ള നടിയുടെ പ്രസ്താവന വിവാദമായിരുന്നു.

മർദിച്ചതിന് തൊട്ടുപിന്നാലെ കൗറിനെ ഐപിസി 323, 341 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ കങ്കണക്ക് പിന്തുണക്കാർ വളരെയധികം കുറവ് ആയിരൂബി എന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.