മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥ്യയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന സിനിമാ താരം സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണ്. ഇതിനായി അവര്‍ രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്.
ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സുമലതയ്ക്ക് വലിയ പിന്തുണയുണ്ട്. തന്റെ മകനെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫാര്‍മേഴ്സ് അസോസിയേഷന്റെയും പിന്തുണ സുമലതയ്ക്കുണ്ട്. എല്ലാവരും ജെഡിഎസിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചത്തു.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന് സുമലതയും പറഞ്ഞതോടെ മാണ്ഡ്യയിലെ പോര് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്.
നടി സുമലതയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് എറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം. ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും മൂന്നു സിനിമകളില്‍ അഭിനയിച്ച 28 കാരനായ നിഖില്‍ ഗൗഡയെയാണ് രംഗത്ത് ഇറക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.
Read more
കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 2006ലെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധി വന്നതിനെ തുടര്‍ന്ന് പ്രതിഷേധസൂചകമായി മന്ത്രിപദം രാജിവെച്ചു. മൂന്നു തവണ ലോക്‌സഭാംഗമായി മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. പാര്‍പ്പിട മന്ത്രിയായിട്ടാണ് സംസ്ഥാന മന്ത്രിസഭയില്‍ അംബരീഷ് സേവനം അനുഷ്ഠിച്ചത്.