പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ്(87) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ സേഡാര്‍സ്-സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലമായി ലാറി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയായിരുന്നു. 2019-ല്‍ അദ്ദേഹത്തിന് ഗുരുതര പക്ഷാഘാതം ഉണ്ടായിരുന്നു. പ്രമേഹ രോഗബാധിതനുമായിരുന്നു.
1933 നവംബര്‍ 19ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ റഷ്യന്‍-ജൂത ദമ്പതികളുടെ മകനായാണ് ലാറിയുടെ ജനനം. 1957-ല്‍ മിയാമി റേഡിയോ സ്‌റ്റേഷനില്‍ ഡിസ്‌ക് ജോക്കിയായാണ് തൊഴില്‍ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 1985-ല്‍ സി.എന്‍.എന്നില്‍ ജോലിക്കു ചേര്‍ന്നു.
1985 മുതല്‍ 2010 വരെ സി.എന്‍.എന്നില്‍ സംപ്രേഷണം ചെയ്ത ലാറി കിങ് ലൈവ് എന്ന പരിപാടിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. ജെറാള്‍ഡ് ഫോര്‍ഡ് മുതല്‍ ബരാക്ക് ഒബാമ വരെ അധികാരത്തിലിരുന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരുമായും ലാറി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.
ഏറെക്കാലം അമേരിക്കൻ (അഭിമുഖ) ടെലിവിഷൻ ലോകത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിച്ച അഭിമുഖകാരനായിരുന്നു ലാറി കിംഗ് എന്ന് പറയാം. അമേരിക്ക സംസാരിച്ചതും സംവദിച്ചതും കിംഗിലൂടെയെന്ന് പറഞ്ഞാലും അത്യുക്തിയാകില്ല. ബൗദ്ധികമായ ചോദ്യങ്ങളൊന്നും പക്ഷേ കിംഗിൽ നിന്ന് ഉണ്ടായിരുന്നില്ല. വലിയ കനപ്പെട്ട ചോദ്യങ്ങളല്ല കിംഗ് ചോദിച്ചതും. കാഴ്ചക്കാർക്ക് അറിയുന്നതിൽക്കൂടുതലൊന്നും തനിക്ക് മുന്നിൽ വന്നിരിക്കുന്നയാളെക്കുറിച്ച് അറിയാതിരിക്കാനാണ് താൻ ശ്രമിക്കാറ് എന്ന് കിംഗ് പറയാറുണ്ട്. ഏറ്റവും നിഷ്കളങ്കമായി, കാഴ്ചക്കാർക്ക് ചോദിക്കാനുള്ളത് അങ്ങനെയാണ് താൻ അഭിമുഖത്തിന് മുന്നിലിരിക്കുന്നവരോട് ചോദിക്കുന്നതെന്നും കിംഗ് പറയും.
Read more
തന്‍റെ കരിയറിൽ ഏതാണ്ട് 30,000 അഭിമുഖങ്ങൾ കിംഗ് നടത്തിയിട്ടുണ്ട്. എട്ട് തവണ വിവാഹിതനായിട്ടുണ്ട് ലാറി കിംഗ്. ഏഴ് ജീവിതപങ്കാളികളുണ്ടായിരുന്നു. അഞ്ച് മക്കളുണ്ട്.